യെസ്ഡിയുടെ താരത്തോടൊപ്പം ഏകദിനയാത്രയ്ക്കൊരുങ്ങിയപ്പോൾ ഫൊട്ടോഗ്രഫർക്ക് ഒരേയൊരു ഡിമാൻഡ് ആണുണ്ടായിരുന്നത്. വെള്ളച്ചാട്ടവും ഹിൽ സ്റ്റേഷനും ഉണ്ടെങ്കിൽ രസകരമായി. വ്യത്യസ്തമായ ഫ്രയിമുകൾ വേണം.
ഒറ്റയ്ക്കൊരു കാട്
ക്യാമറയിൽ ഐഎസ് ഒ എത്ര കൂട്ടിയാലും തെളിച്ചം വരാത്ത സമയത്ത് കൊച്ചിയിൽ നിന്നു പുറപ്പെട്ടു. ആദ്യ തൊമ്മൻകുത്ത് വെള്ളച്ചാട്ടം. റോഡ്റിന്റെ വിശാലമായ സീറ്റിലിരുന്നുള്ള യാത്ര കൊള്ളാം. തോളിൽ രണ്ടുപേരുടെയും ക്യാമറാ ബാഗുകളുണ്ട്. എന്നിട്ടും തിങ്ങിഞെരുങ്ങാതെയായിരുന്നു ഇരിപ്പ്. ബാക്ക് സപ്പോർട്ട് കൂടിയാകുമ്പോൾ ലോങ് ട്രിപ്പുകൾ കലക്കും.
മൂവാറ്റുപുഴയിൽനിന്നു വണ്ണപ്പുറം വഴിയിൽ ഒടിയപ്പാറയിലാണ് ആദ്യ ഫ്രെയിം സെറ്റ് ചെയ്തത്. ഒറ്റയ്ക്കൊരു കാടുണ്ടവിടെ. അപ്പൂപ്പൻതാടികൾ പാറിനടക്കുന്ന ഒടിയപ്പാറ കാട്. വന്യമൃഗങ്ങളില്ലാത്ത കാട്ടിലൂടെ ചെറിയൊരു ചെമ്മൺ വഴിയുണ്ട്. റോഡ്സ്റ്റർ എവിടെ നിർത്തിയാലും ലൈറ്റും ഇരുട്ടും തമ്മിലുള്ള കയ്യാങ്കളിയിൽ ഫ്രെയിം സെറ്റ് ആകുന്നില്ല. ഏതോ ഒരു സമയത്ത് മേഘം മറഞ്ഞ മാനത്തിന്റെ ബലത്തിൽ ചിത്രം പകർത്തി.
തിരികെയിറങ്ങുമ്പോൾ പൊലീസ് പരിശോധന. മുതിർന്ന ഉദ്യോഗസ്ഥനു തന്റെ പഴയ യെസ്ഡിയുടെ ഓർമ വന്നതിനാലാണോ ആവോ, ചുറ്റും നടന്നു റോഡ്സ്റ്ററിന്റെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു.
[https://cdn.magzter.com/1380604065/1646036902/articles/-2cQjfJUF1647340828222/HzBMSehUO1647340818594.jpg]
ഏഴുനിലക്കുത്ത്
വെയിൽ മൂത്ത നേരത്താണ് തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രത്തിന്റെ കവാടത്തിലേക്ക് റോഡ്സ്റ്റർ എത്തുന്നത്. എൻജിൻ പോലും കറുപ്പഴകിൽ ആയതുകൊണ്ട് പെട്ടെന്നു ചൂടാകും റോഡ്സ്റ്റർ. അടുത്തൊരു കടയുടെ തണലിലേക്ക് റോഡ്സ്റ്റനെ എത്തിച്ചു. ഇനി 800 മീറ്റർ ഉള്ളിലേക്കു നടക്കണം. വേണോ? ടിക്കറ്റ് കൗണ്ടറിൽനിന്നു നോക്കിയപ്പോൾ കണ്ട വഴിയിലെ കാഴ്ച ക്യാമറകളെ മാടിവിളിച്ചു. തേക്കും മറ്റുമരങ്ങളും തണൽ വിരിച്ചുനിൽക്കുന്ന വഴിയിൽ പൂക്കളില്ലാ വസന്തം തീർക്കുകയാണ് മരങ്ങൾ. പിങ്കും ചുവപ്പും തളിരുകൾക്കൊപ്പം പൂമഴ പോലെ പൊഴിഞ്ഞുവീഴുന്നുണ്ട് മഞ്ഞ ഇലകൾ. കാറ്റ് ഇലകളെയെല്ലാം പെറുക്കിയെടുത്തു കണ്ണാടിപ്പുഴയുടെ കയത്തിലേക്കിടുന്നുണ്ട്. അപ്പുറം വൻപാറകളുടെ ഓരം ചേർന്നൊഴുകുന്ന കണ്ണാടിപ്പുഴയിലാണു തൊമ്മൻകുത്ത്. നടത്തത്തിനിടയിൽ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ ചേച്ചിമാർ തൊമ്മൻ കുത്തിന്റെ കഥ പറഞ്ഞു തന്നു.
നിങ്ങളീ കാണുന്നതല്ല തൊമ്മൻകുത്ത്. ഇത് ഏഴുനിലക്കുത്ത്. ഏഴുനിലകളിലായി വല്യ നിലകളൊന്നുമല്ല) ഈ വെള്ളച്ചാട്ടം പതിക്കുന്നു. തൊമ്മൻകുത്ത് എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ എഴുനിലക്കുത്തിന്റെ ചിത്രമാണു ലഭിക്കുക. വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാനൊക്കില്ല. കണ്ണാടിപ്പുഴ കയങ്ങളൊരുക്കിയിട്ടുണ്ട് ആ തെളിനീരിനടിയിൽ. എന്നാൽ പാറക്കൂട്ടങ്ങൾക്കിടിയിലൂടെ സഞ്ചാരികൾ സകുടുംബം കുളിക്കുന്നുണ്ട്. പിന്നെയും മുന്നോട്ടു നടന്നു കയറിയാൽ തേൻകുഴി കുത്തിൽ എത്താം. തേനൊഴുകുംപോലെ ചെറിയൊരു നീരൊഴുക്കാണിവിടെ. ഇവിടെയും കുട്ടികൾക്കടക്കം കുളിക്കാം. പാറയിലെ വഴുക്കൽ മാത്രം നോക്കിയാൽ മതി.
കുളിക്കാം. കളിക്കാം. തണലേറ്റു വിശ്രമിക്കാം. തുമ്പികളെ ഫ്രയിമിൽ പകർത്താം. തൊമ്മൻകുത്ത് ഒരു സമ്പൂർണ കുടുംബ സഞ്ചാരകേന്ദമാണ്.
[https://cdn.magzter.com/1380604065/1646036902/articles/-2cQjfJUF1647340828222/98K9UVNnIk1647340895569.jpg]
ശരിയായ തൊമ്മൻകുത്ത് ഏതാണ്?
ടിക്കറ്റ് കൗണ്ടറിലേക്കെത്തുംമുൻപ് റോഡ്‌സ്‌റ്ററിനെ പാർക്ക് ചെയ്ത സ്ഥലത്തിനു പിന്നിലാണ് യഥാർഥ തൊമ്മൻകുത്ത് വെള്ളച്ചാട്ടം. അതു കാണാൻ അത്ര ഭംഗിയൊന്നുമില്ല. നാട്ടുംപുറത്തു കാണുന്ന തരത്തിൽ ഒരു പാറപ്പുറത്തുനിന്നൊരു ചെറു നീരൊഴുക്ക്. പിന്നെ പന്തുകഴിക്കാനായി കണ്ണാടിപ്പുഴയൊരുക്കുന്ന മൈതാനം. ഇതാണു യഥാർഥ തൊമ്മൻകുത്ത്. ഒരു നിരീക്ഷണാലയമുണ്ട് തൊമ്മൻകുത്തിൽ. അവിടെ കുറച്ചുനേരം വിശ്രമിക്കാം. കാളിയാർ റേഞ്ചിലാണ് ഈ ജലപാതം, കാലി മേയ്ക്കാനിറങ്ങിയ തൊമ്മൻ എന്നയാൾ ഈ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചതുകൊണ്ടാണ് പേരു വന്നത് എന്നൊരു കഥയുണ്ട്.
[https://cdn.magzter.com/1380604065/1646036902/articles/-2cQjfJUF1647340828222/H9krrpkEil1647340895569.jpg]
തൊമ്മൻകുത്തിലെ ചെറുട്രെക്കിങ്ങ് കഴിഞ്ഞു തിരികെ പോരുമ്പോൾ അകലെ വെയിൽ നഗ്നമാക്കിയ മലകൾ കാണാം. പാലക്കാട് മലമ്പുഴയിൽ പാറപ്പുറത്തു കയറിക്കുടുങ്ങിയ ബാബുവിനെ ഓർമ വന്നു. ചൂടിന്റെ പരകോടിയാണു പാറകൾ അതുകൊണ്ട് മീനൊളിയൻപാറ എന്ന പാറമുകളിലേക്കുള്ള നടത്തം ഞങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. പാറമുകളിലെ ചെറുകാടും അതിസുന്ദമായ സായാഹ്നവുമാണ് മീനൊളിയമ്പാറയുടെ ആകർഷണം. വെയിൽകൊണ്ടു തളരുന്നതിനു മുൻപേ വണ്ണപ്പുറത്തെ ഹോട്ടലിലൊന്നിൽ അഭയം തേടേണ്ടി വന്നു.
ചൂടുതളർത്തിയപ്പോഴാണ് ഇനി യാത്ര ഒരു ഹിൽസ്റ്റേഷനിലേക്കു മതി എന്നു തീരുമാനിച്ചത്. തൊടുപുഴയിൽ നിന്നു മുട്ടത്തേക്കുള്ള അതിസുന്ദരമായ വഴിയിലൂടെ യാത്ര. റബറുകളുടെ സ്ഥാനം പൈനാപ്പിളുകൾ കീഴടക്കിയിട്ടുണ്ട്.
[https://cdn.magzter.com/1380604065/1646036902/articles/-2cQjfJUF1647340828222/2x9REIUWyX1647340928088.jpg]
മലങ്കര ഡാം
തൊടുപുഴയിൽ നിന്നു വാഗമണ്ണിലേക്കുള്ള സൂപ്പർ വഴി തേടി പായുമ്പോൾ റോഡ്സ്റ്ററിന്റെ കണ്ണിൽ പെട്ടതാണ് മലങ്കര ഡാം എന്നെഴുതിയ കവാടം ഉള്ളിലേക്ക് കുറച്ചുദൂരം പോയാൽ ഡാമിലേക്കെത്താം. തൊടുപുഴയാറിനു കുറുകെയാണ് ഡാം. മൂലമറ്റം പവർഹൗസിൽ നിന്നു "ഗുണമെല്ലാം' ഊറ്റിയെടുത്ത വെള്ളമാണ് മലങ്കര ഡാം തടഞ്ഞു നിർത്തുന്നത്. ഡാമിന്റെ കാഴ്ച ശരിക്കും ആസ്വദിക്കാൻ ടിക്കറ്റെടുത്ത് കയറണം. ജലാശയത്തിലേക്കു തള്ളിനിൽക്കുന്ന ചെറിയ ഉയർന്ന പ്രദേശത്ത് ഇരിപ്പിടങ്ങളും ചിൽഡ്രെൻസ് പാർക്കുമുണ്ട്. അകലെ വാഗമൺ കുന്നുകളുടെ ഭാഗങ്ങൾ കാണാം. ഇവിടെ വെള്ളത്തിൽ ഇറങ്ങരുത്. ഒരു സിനിമാനടന്റെ മുങ്ങിമരണം നാമെല്ലാം ഓർത്തിരിക്കുന്നുണ്ടല്ലോ. അത് മലങ്കരയിൽ വച്ചായിരുന്നു.
[https://cdn.magzter.com/1380604065/1646036902/articles/-2cQjfJUF1647340828222/G206XsvGc1647340928088.jpg]
ഇല്ലിക്കൽ കല്ലകലെ
മലങ്കരയിൽ നിന്നു കൊടിയത്തൂർ. പോകുന്നിടത്തെല്ലാം ഡാമിന്റെ കാഴ്ചകൾ പ...